കൊച്ചി-ടു-തിരുവനന്തപുരം സൈക്കിൾ യാത്രയുമായി 12 വനിതകൾ
ലഹരിക്കെതിരെ ബോധവത്കരണ സന്ദേശവുമായി കൊച്ചിയിൽനിന്ന് തിരുവനന്തപുരംവരെ സൈക്കിൾ യാത്രയുമായി 12 വനിതകൾ. 45 മുതൽ 60 വരെ പ്രായമുള്ളവരാണ് ഈ ദൗത്യത്തിൽ പങ്കെടുക്കുക. അഞ്ച് ജില്ലകളിലൂടെ 200-ലേറെ കിലോമീറ്ററുകൾ താണ്ടി ലഹരി വിരുദ്ധ ബോധവത്കരണവുമായി സ്കൂളുകളിലേക്കും പൊതു ഇടങ്ങളിലേക്കും ഇവരെത്തും. നവംബർ 2-ന് ഫോർട്ട് കൊച്ചിയിൽനിന്ന് യാത്ര ആരംഭിക്കും. എട്ടിന് തിരുവനന്തപുരത്ത് സമാപിക്കും. രാവിലെ ആറുമുതൽ 11 വരെയും വൈകുന്നേരവുമാണ് സൈക്കിൾ റൈഡ്. ഇതിനിടയ്ക്കുള്ള സമയങ്ങളിൽ ബോധവത്കരണവുമായി സ്കൂൾ-കോളേജ് ക്യാമ്പസുകളിൽ എത്തും. ഗ്ലോബൽ കേരള ഇനിഷ്യേറ്റീവ്-കേരളീയത്തിനൊപ്പം ഷീ സൈക്ലിങ്ങും ഇൻറസ് മീഡിയയും ചേർന്നാണ് പരിപാടി നടത്തുന്നത്.ഷീ സൈക്ലിങ് നാഷണൽ പ്രോജക്ട് കോർഡിനേറ്റർ എം.എ. സീനത്താണ് യാത്രാ ക്യാപ്റ്റൻ. വീട്ടമ്മമാരും അങ്കണവാടി-ആശാവർക്കർമാരും കുടുംബശ്രീ അംഗങ്ങളുമായ ഫോർട്ട്കൊച്ചി സ്വദേശികളായ റൂഹി, സുനിതാഗഫൂർ, ലൈലാനിസാർ, ബേബി നാസ്, സൈനബ, മുംതാസ്, ട്രീസ, ജെസ്സി ജോണി, റെഹാന, ഷബാന, ഷാല എന്നിവരാണ് മറ്റു റൈഡേഴ്സ്. ആറുദിവസം പതിന്നാല് സ്കൂളുകളിലും നാലുകോളേജുകളിലും ലഹരിവിരുദ്ധ ബോധവത്കരണം നടത്തും. എല്ലാദിവസവും വൈകിട്ട് പൊതുപരിപാടിയുമുണ്ട്. നാടൻപാട്ട് സംഘവും ഇവരെ അനുഗമിക്കുന്നുണ്ട്. പരിപാടിയിൽ പങ്കെടുക്കുന്നവർക്കുള്ള സൈക്കിളുകൾ ഞായറാഴ്ച കൊച്ചിയിൽ വിതരണം ചെയ്തു.
ചിത്രത്തിന് താഴെ: ലഹരിവിരുദ്ധ സന്ദേശവുമായി കൊച്ചിയിൽനിന്നും തിരുവനന്തപുരത്തേക്ക് സൈക്കിൾയാത്ര നടത്തുന്ന റൂഹി, സുനിതാഗഫൂർ, ലൈലാനിസാർ, ബേബി നാസ്, സൈനബ, മുംതാസ്, ട്രീസ, ജെസ്സിജോണി, റെഹാന, ഷബാന, ഷാല, സീനത്ത് എന്നിവർ സൈക്കിളുകൾ ഏറ്റുവാങ്ങിയപ്പോൾ.
Mathrubhumi 27 Oct 2025


