ലഹരി വിരുദ്ധ സന്ദേശവുമായി കൊച്ചിയിൽ നിന്നുള്ള 12 വീട്ടമ്മമാർ 230 കിലോമീറ്റർ സൈക്കിൾ ചവിട്ടുന്നു. നവംബർ 2-നു ഫോർട്ട് കൊച്ചിയിൽ നിന്നാരംഭിക്കുന്ന സൈക്കിൾ യാത്ര 8-നു തിരുവനന്തപുരത്തു സമാപിക്കും.

ഫോർട്ട് കൊച്ചി ബാസ്റ്റിൻ ബംഗ്ലാവിനു സമീപം 2-നു വൈകിട്ടു 5-നു സൈക്ലത്തൺ ഫ്ലാഗ് ഓഫ് ചെയ്യും. 5 ജില്ലകൾ പിന്നിട്ടുള്ള യാത്രയിൽ 12 അംഗ വനിതാ സംഘം 14 സ്കൂളുകളിലും നാലു കോളജുകളിലും ലഹരി വിരുദ്ധ ബോധവൽക്കരണ പരിപാടി നടത്തും. ഷീ സൈക്ലിങ് ദേശീയ പ്രോജക്ട് കോഓർഡിനേറ്റർ എം.എ. സീനത്ത് ആണ് യാത്ര ക്യാപ്റ്റൻ. യാത്രയിൽ പങ്കെടുക്കുന്ന 12 പേർക്കുള്ള സൈക്കിളുകൾ കൈമാറി.

എൻജിഒ ആയ ഗ്ലോബൽ കേരള ഇനിഷ്യേറ്റീവ് - കേരളീയം, ഷീ സൈക്ലിങ്, ഇൻറസ് മീഡിയ എന്നിവയുമായി ചേർന്നാണു യാത്ര സംഘടിപ്പിക്കുന്നത് എന്ന് കേരളീയം സെക്രട്ടറി ജനറൽ ലാലു ജോസഫ്, ഷീ സൈക്ലിങ് ദേശീയ സീനിയർ പ്രോജക്ട് മാനേജർ പ്രകാശ് പി. ഗോപിനാഥ് എന്നിവർ അറിയിച്ചു.

മലയാള മനോരമ, 26 ഒക്ടോബർ 2025