ലഹരിക്കെതിരെ ഷീസൈക്ലിങ് നാഷണൽ പ്രോജക്ട് കോഓഡിനേറ്റർ എം.എ. സീനത്തിന്റെ നേതൃത്വത്തിൽ സൈക്കിളിൽ ചുറ്റി ബോധവത്കരണം നടത്താനൊരുങ്ങിയ 12 വനിതകൾ ഷീ സൈക്ലത്തൺ നവംബർ രണ്ടിന് ആരംഭിക്കും
ലഹരി വിപത്തിനെതിരെ സൈക്കിളിൽ ചുറ്റി ബോധവത്കരണം നടത്താനൊരുങ്ങി 12 വനിതകൾ. എറണാകുളം മുതൽ തിരുവനന്തപുരം വരെയുള്ള ഷീ സൈക്ലത്തൺ നവംബർ രണ്ടിന് രാവിലെ ആറിന് ഫോർട്ട്‌കൊച്ചിയിൽ നിന്ന് ആരംഭിക്കും.ഷീ സൈക്ലിങ് നാഷണൽ പ്രോജക്ട് കോഓഡിനേറ്റർ എം.എ. സീനത്തിന്റെ നേതൃത്വത്തിലാണ് വനിതകൾ 250 ലേറെ കിലോമീറ്റർ സൈക്കിളിൽ താണ്ടാനൊരുങ്ങുന്നത്. ഫോർട്ട് കൊച്ചി സ്വദേശികളായ അംഗൻവാടി, ആശ, കുടുംബശ്രീ പ്രവർത്തകരാണ് എല്ലാവരും. റുഹി യുസഫ് സേട്ടു, സുനിത ഗഫൂർ, ലൈല നിസാർ, ബേബി നാസ്, പി.എ. സൈനബ, മുംതാസ് കബീർ, ട്രീസ സെബാസ്റ്റ്യൻ, ജെസി ജോണി, പി.എ. റഹാന, ഷബാന ബായ്, ഷാല സുബൈർ തുടങ്ങിയവരാണ് സംഘത്തിലുള്ളത്. 60 കാരിയായ ലൈല നിസാറാണ് കൂട്ടത്തിൽ മുതിർന്ന വനിത.
എറണാകുളം, ആലപ്പുഴ, കോട്ടയം, പത്തനംതിട്ട, കൊല്ലം ജില്ലകളിലൂടെ കടന്നുപോകുന്ന യാത്ര തിരുവനന്തപുരത്ത് നവംബർ എട്ടിന് സമാപിക്കും. തിരഞ്ഞെടുത്ത സ്‌കൂളുകളിലും കോളജുകളിലും ലഹരി വിരുദ്ധ കാമ്പയിനും നടത്തും. തിരുവനന്തപുരം പുറത്തെ എൻ.ജി.ഒ ആയ ഗ്ലോബൽ കേരള ഇനിഷ്യേറ്റീവ് - കേരളീയമാണ് സംഘാടകർ.
യാത്രയുടെ മുന്നോടിയായി കേരളീയം ഭാരവാഹികൾ 12 അംഗ സംഘത്തിന് യാത്രയ്ക്കുള്ള സൈക്കിൾ നൽകി. സെക്രട്ടറി ജനറൽ ലാലു ജോസഫ്, ട്രഷറർ അജയകുമാർ, പ്രകാശ് പി. ഗോപിനാഥ്, എം.എ. സീനത്ത്, ഇൻറർസ് മീഡിയ സി.ഇ.ഒ ബി. ബാലചന്ദ്രൻ, മുജീബ് ഷംസുദ്ദീൻ തുടങ്ങിയവർ പങ്കെടുത്തു.


